കൊറ്റനാട്: വനമേഖലയിൽ നിന്നു മാറിയാണെങ്കിലും കൊറ്റനാട് പഞ്ചായത്തിലെ കളമ്പാല, പുത്തൂർമുക്ക്, അരുവിക്കൽ, മുക്കുഴി ഭാഗങ്ങളിൽ കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം. കളമ്പാല ഭാഗത്ത് മരച്ചീനി വിളവെടുപ്പ് സമയമായപ്പോഴേക്കും കാട്ടുപന്നിയുടെ വിളയാട്ടം അതിരൂക്ഷമായി. കഴിഞ്ഞദിവസങ്ങളിൽ കളമ്പാല ഭാഗത്ത് വ്യാപകമായി കപ്പ നശിപ്പിച്ചു.
കിഴങ്ങുവർഗ കൃഷിക്കു നേരെയാണ് പന്നിയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വിളവെടുപ്പിനു പാകമായ കാർഷികവിളകൾ നഷ്ടമാകുമ്പോൾ കർഷകർക്ക് കണ്ണീരു മാത്രമാണ് ബാക്കി. വായ്പയെടുത്തും പാട്ടത്തിനു സ്ഥലമെടുത്തും കൃഷി നടത്തിയവരാണ് ഏറെപ്പേരും.കാട്ടുകുരങ്ങിന്റെ ശല്യവും ഈ ഭാഗങ്ങളിൽ ഉണ്ടായിത്തുടങ്ങി. കാർഷികവിളകളാണ് കുരങ്ങും നശിപ്പിക്കുന്നത്. നാളീകേരം ഉൾപ്പെടെ വ്യാപകമായി കുരങ്ങിന്റെ ശല്യത്തിനു കാരണമാകുന്നുണ്ട്.
കാട്ടുപന്നിയും കുരങ്ങുമെല്ലാം കൂട്ടമായാണ് ഈ ഭാഗങ്ങളിലെത്തുന്നത്. കർഷകർക്കുണ്ടാകുന്ന ദുരിതം സംബന്ധിച്ച് പരാതികൾ ഏറെയുണ്ടായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടേയില്ല. ശല്യക്കാരായ പന്നികളെ നശിപ്പിക്കാൻ വനനിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല.
പഞ്ചായത്തിലെ പെരുമ്പെട്ടി, കുരിശുമുട്ടം, വെള്ളയിൽ, കുമ്പളന്താനം പ്രദശങ്ങളിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തടക്കം കർഷകർ വിളവിറക്കിയ കൃഷികളാണ് ഇപ്പോൾ പാകമായത്. ഇതു വിളവെടുക്കുന്ന സമയമായപ്പോഴേക്കും പന്നിശല്യം രൂക്ഷമായി.