ദിസ്പുര്‍: അസം നാഗോണിലെ ബമുനി ഹില്‍സില്‍ ഇടിമിന്നലേറ്റ് 18 കാട്ടാനകള്‍ ചരിഞ്ഞു. 14 ആനകള്‍ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമായിരുന്നു.
കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞ വിവരം പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെത്തി നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 18 ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ഇടിമിന്നലേറ്റാണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ഇടിമിന്നലേറ്റ് ആനകള്‍ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകള്‍ ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞത് അന്വേഷിക്കണമെന്നും മറ്റു നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.