കോന്നി : പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ കലഞ്ഞൂർ പാടത്ത് വര്‍ധിച്ചുവരുന്ന കാട്ടാന ശല്ല്യം കർഷകരുടെ ഉറക്കം കെടുത്തുന്നു. കലഞ്ഞൂർ, പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടത്ത് ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ കൃഷി നശിപ്പിച്ച് മടങ്ങുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്. വനപാലകർ സ്ഥാപിച്ച സൗരോർജ്ജ വേലികൾ തകർത്തുകൊണ്ടാണ് കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ എ ഐ വൈ എഫ് കലഞ്ഞൂർ മേഖല സെക്രട്ടറി പ്രശാന്തിന്റെ നേതൃത്വത്തിൽ സി പി ഐ പ്രതിനിധികൾ പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
സൗരോർജ്ജ വേലികൾ പരിപാലിച്ച് പോരുന്ന താത്കാലിക ജീവനക്കാർക്ക് ഒരുവർഷത്തോളമായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകണമെന്നും സോളാർ വേലികൾ ഇനിയും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം റ്റി തുളസീധരൻ ആവശ്യപ്പെട്ടു.