തിരുവനന്തപുരം : കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്റെ നിലപാട്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ട പരിഹാര നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന മന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നും സംസ്ഥാനം വാദിക്കുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിർക്കുന്നതല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
കേന്ദ്ര വനംമന്ത്രി പറഞ്ഞത് പോലെ അത്ര നിസാരമായി അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നിലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം കൊല്ലുന്നതിന് മുന്‍പായി ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വെയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെടണം. പിടികൂടുന്ന വന്യമൃഗത്തെ വനത്തില്‍ തുറന്നു വിടാന്‍ സാധിക്കാത്ത പക്ഷം മാത്രമെ അതിനെ തടവില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥയെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.