ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം നീളും. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തി. ഇരുവരുടേയും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ചയുണ്ടാവില്ലെന്ന് യോഗത്തില്‍ തീരുമാനമായി. രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡേയും നിയമസഭാകക്ഷിനേതാവ് ആരാധന മിശ്രയുമാണ് ആവശ്യമുന്നയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ഇവരുടെ ആവശ്യത്തെ പിന്തുണച്ചു. രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്തവികാരമുണ്ടെന്ന് നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചു. ഇരുവരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ ഉടന്‍തന്നെ പ്രചാരണം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തിക്കഴിഞ്ഞുവെന്ന് യോഗത്തെ അറിയിക്കുകയും ചെയ്തു.