തിരുവനന്തപുരം : സിനിമയില്‍ അവസരത്തിന് കൊതിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടന്‍ അര്‍ജുന്‍ അശോക് ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടിയിലാണ് അര്‍ജുന്‍ അശോക് ഇക്കാര്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കൂടുതല്‍ ചെയ്യാനുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നുമാണ് അര്‍ജുന് മുഖ്യമന്ത്രി നല്‍കിയ മറുപടി.
ഐ.എഫ്.എഫ്.കെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന നടി അനശ്വര രാജന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. നിര്‍ദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളുള്ളതിനാല്‍ കൂടുതല്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സാധാരണക്കാരിലേക്കു കൂടുതല്‍ വ്യാപകമായ രീതിയില്‍ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.