മല്ലപ്പള്ളി : വ്യാഴാഴ്ച രാവിലെ വീശിയടിച്ച കാറ്റ് മല്ലപ്പള്ളി മേഖലയിൽ നാശം വിതച്ചു. നാല് വീടുകൾ മരങ്ങൾവീണ് തകർന്നു. റബ്ബറും വാഴയും അടക്കമുള്ള കൃഷികൾക്കും നഷ്ടമുണ്ടായി. വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചു. മല്ലപ്പള്ളി ഒൻപത്, ആറ് വാർഡുകളിലാണ് കൂടുതൽ നാശം. രാവിലെ പത്തരയോടെയാണ് ശക്തമായ മഴയും കാറ്റുമായിരുന്നു. കീഴ്വായ്പൂര് സമരമുക്കിന് സമീപം കുന്നുതറ ജോസഫ് കെ. ഇട്ടിയുടെ വീടിന് മുകളിലേക്ക് വലിയ തേക്കും പൂവരശും കടപുഴകി വീണു. മേരി ഇട്ടി കിടന്ന കട്ടിലിലേക്കാണ് മേൽക്കൂരയിലെ പൊട്ടിയ ഓടും പട്ടികകളും പതിച്ചത്. കാറ്റിന്റെ ശബ്ദവും മരക്കൊമ്പുകൾ ഒടിയുന്ന ശബ്ദവും കേട്ട് ഒപ്പമുണ്ടായിരുന്ന സഹായി ഇവരെ വലിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടുപേരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അവശിഷ്ടങ്ങൾ കിടപ്പുമുറിയിലും അടുക്കളയിലും ചിതറിക്കിടക്കുന്നു. വീട്ടുപകരണങ്ങൾ തകർന്നു.
വണ്ടനാകുഴി പി.കെ. രാജേന്ദ്രന്റെ വീടിന്റെ മുകളിലേക്ക് അടുത്തപുരയിടത്തിൽനിന്ന് പ്ലാവും തകരയും വീണു. കാറ്റിന്റെ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ രക്ഷപെട്ടു. അടുക്കളയുടെ ചിമ്മിനി അടക്കമുള്ള ഭാഗം തകർന്നു. വീട് കാണാനാവാത്ത തരത്തിൽ മരച്ചില്ലകൾക്ക് അടിയിലായി. കോട്ടയം-കോഴഞ്ചേരി റോഡിന് സമീപം ഒരുപ്രാമണ്ണിൽ സുനിൽ തോമസ് അബ്രഹാമിന്റെ വീട്ടിലേക്ക് ഈട്ടിമരമാണ് കടപുഴകി വീണത്. പവ്വത്തിപ്പടിയിലേക്കുള്ള ഇടറോഡിന്റെ അപ്പുറത്തെ പറമ്പിൽനിന്ന മരമാണ് പുരപ്പുറത്തേക്ക് പതിച്ചത്. ആർക്കും പരിക്കില്ല. പാടിമൺ കാട്ടാമല വളയൻകുഴിയിൽ ജോളി ജയ്സന്റെ വീട്ടിലേക്കും മരങ്ങൾ വീണുനാശമുണ്ടായി. വില്ലേജ് ഓഫീസർ എം.ജെ. ഷീജ വീടുകളിലെത്തി നാശനഷ്ടത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് അംഗം ഷാന്റി ജേക്കബ്, ബിജു പുറത്തൂടൻ എന്നിവരുമുണ്ടായിരുന്നു. മുരണി ചവണിക്കാമണ്ണിൽ റോയിയുടെ വാഴത്തോട്ടത്തിലും കാറ്റ് നാശമുണ്ടാക്കി. ഇവിടെ നട്ടിരുന്ന മഞ്ചേരി കുള്ളൻ വാഴകൾ മറിഞ്ഞു വീണു.