ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ ‘കന്ദ എക്സ്പ്രസ്’ ട്രെയിൻ സർവിസുകൾ ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ഈ പ്രത്യേക ചരക്ക് തീവണ്ടി മാർഗം സവാള എത്തിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വിലക്കയറ്റം അനുഭവപ്പെടുന്ന വിപണികളിൽ ലഭ്യത വർധിപ്പിക്കാനും വില നിയന്ത്രിക്കാനുമാണ് ഈ നീക്കം.
ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച സവാളയുടെ ശരാശരി ചില്ലറ വിൽപന വില കിലോക്ക് 42 രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 45 ശതമാനവും ഒരു മാസം മുമ്പത്തേക്കാൾ 19 ശതമാനത്തിലധികവും കൂടുതലാണ്. പ്രധാന നഗരങ്ങളിൽ വില കുത്തനെ കൂട്ടിയിട്ടുണ്ട്. ഡൽഹിയിൽ കഴിഞ്ഞ വർഷം 35 രൂപയായിരുന്ന സവാള വില ഇപ്പോൾ 65 രൂപയിലെത്തി; ചെന്നൈയിൽ കഴിഞ്ഞ വർഷത്തെ 33 രൂപയിൽ നിന്ന് വില 58 രൂപയായി ഉയർന്നു. കേരളത്തിൽ കിലോക്ക് 52 രൂപ വരെയാണ് റീട്ടെയിൽ വില ഈടാക്കുന്നത്.





























