പത്തനംതിട്ട : നഗരസഭക്ക് വിട്ടുകിട്ടിയ സ്ഥാപനമായ ജനറല്‍ ആശുപത്രിയിലെ ആകെയുള്ള 50 ഡോക്ടര്‍മാരില്‍ 47 പേരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. ഇത്രയും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമാകും. വര്‍ഷങ്ങളായി പാവങ്ങള്‍ക്ക് കിട്ടുന്ന സൗജന്യ ചികിത്സയാണ് ഇല്ലാതാകുന്നത്.
നൂറുകണക്കിന് കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നതും ഇവിടെയാണ്. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ ജനദ്രോഹ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം മണ്ഡലത്തിലെ ആശുപത്രിയെ സംരക്ഷിക്കുന്നതിന് പകരം കോന്നി എം.എല്‍.എ ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് അടിയറവ് പറഞ്ഞിരിക്കുകയാണ്. ആറന്മുള നിയോജക മണ്ഡലത്തിലേയും ജില്ലയിലേയും മുഴുവന്‍ ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണ്.
ഹൃദ്രോഹം, ഗൈനക്കോളജി, ശിശുരോഗം അടക്കമുള്ള ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ആശുപത്രി പരിപൂര്‍ണ്ണമായും പൂട്ടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ശബരിമല ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്ന നിലയില്‍ അയ്യപ്പഭക്തര്‍ക്ക് വലിയ സഹായമാകുന്ന ആശുപത്രിയുടെ സ്ഥിതിയാണ് ശോചനീയമാകുന്നത്. ജില്ലാ ആശുപത്രിയിലെ മൊത്തമുള്ള 50 ഡോക്ടര്‍മാരില്‍ 47 പേരേയും കോന്നിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.