കൊച്ചി : പറവൂരിലെ വീട്ടിൽ യുവതിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മകൾ ജിത്തു (22) വിനെ കണ്ടെത്താനാണ് പറവൂർ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്നാണ് നിർദേശം. മുടി വെട്ടിയനിലയിലുള്ള ജിത്തുവിന്റെ ചിത്രമാണ് ലുക്ക്ഔട്ട് നോട്ടീസിൽ നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ജിത്തുവിനെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ജിത്തു വീട്ടിൽനിന്ന് പോകുന്ന ചില സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയത്. പെൺകുട്ടിയുടെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഈ ഫോൺ പിന്നീട് സ്വിച്ച്ഓഫായെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ശിവാനന്ദന്റെ വീട്ടിൽ തീപ്പിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാസേനയും തീയണച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ശിവാനന്ദന്റെ പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇതിൽ വിസ്മയ ആണ് മരിച്ചതെന്നു കരുതുന്നു. മൃതദേഹത്തിലെ മാലയിൽനിന്നു ലഭിച്ച ലോക്കറ്റ് അടിസ്ഥാനമാക്കി മാതാപിതാക്കളാണ് മരിച്ചതു വിസ്മയ ആണെന്ന് പറയുന്നത്. സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. അതേസമയം സംഭവത്തിന് പിന്നാലെ വിസ്മയയുടെ സഹോദരി ജിത്തുവിനെ കാണാതായത് ദുരൂഹത വർധിപ്പിച്ചു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു വീട് വിട്ടിറങ്ങിയെന്നാണ് പോലീസിന്റെ നിഗമനം.
ജിത്തുവിന്റെ പ്രണയത്തെ എതിർത്തതാണ് പ്രകോപനം എന്നും സൂചനയുണ്ട്. സഹോദരിമാർ തമ്മിൽ വീട്ടിൽ വഴക്കിടാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും അഗ്നിരക്ഷാസേനയും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. രണ്ട് മുറികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന തീയണച്ച ശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു.
സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പോയിരുന്നതായാണ് പോലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കൾ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂർത്തിയാക്കിയവരാണ്. ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യംചെയ്താലേ സംഭവത്തിന്റെ യഥാർഥചിത്രം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.































