കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ യുവതിയെ മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂര്‍ ഊത്തുപ്പാളയം സ്വദേശി വിഘ്‌നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23) മരിച്ചത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് യുവതിയെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. 21-ന് പ്രസവശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇതിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കോവില്‍പ്പാളയത്ത് സ്വകാര്യ ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു. ഇവിടെവെച്ച് യുവതി ആണ്‍കുട്ടിക്ക് ജന്മംനല്‍കി. മൂന്നുദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്ന യുവതി ശനിയാഴ്ചരാവിലെ ആറരയോടെ മരിച്ചു.
വൈദ്യുതി തടസ്സവും ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ അറിയിച്ചു. മതിയായചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരം തുടരുകയാണ്.