ഡൽഹി: ആള്‍മാറാട്ടം നടത്തിയ ഭര്‍ത്താവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കി ഭാര്യ. ചിലരുടെ മുന്നില്‍ പോലീസായും മറ്റ് ചിലയിടങ്ങളില്‍ വക്കീലായും ഭര്‍ത്താവ് ആള്‍മാറാട്ടം നടത്തുന്നുവെന്നാണ് ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയിലാണ് സംഭവം. തജൂജ് സിങ് എന്നയാളുടെ ഭാര്യ നിഷയാണ് ഇത്തരത്തില്‍ തന്റെ ഭര്‍ത്താവ് ആളുകളെ പറ്റിക്കുകയാണെന്ന് പറഞ്ഞ് പോലീസില്‍ പരാതിയുമായെത്തിയത്. പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പോലീസ് തനൂജിന്റെ വീട്ടില്‍ നിന്ന് ചില വ്യാജ തിരിച്ചറിയല്‍ രേഖകളും പോലീസ് യൂണിഫോമും അടക്കം പിടിച്ചെടുത്തു. തന്നെയും മക്കളെയും ഭര്‍ത്താവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും നിഷ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
ആള്‍മാറാട്ടം നടത്തി പലരില്‍ നിന്നും ഭര്‍ത്താവ് പണം തട്ടുന്നുണ്ടെന്നും നിഷ പോലീസിനോട് പറഞ്ഞു. അതേസമയം ഭാര്യയുമായി പിണങ്ങി താന്‍ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നുവെന്ന് തനൂജ് പോലീസില്‍ അറിയിച്ചു. ഭാര്യ വിളിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം താന്‍ വീട്ടിലേക്ക് തിരിച്ചെത്തി. എന്നാല്‍ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടി നിഷ തന്നെ ആക്രമിച്ചുവെന്ന പരാതിയും തനൂജ് പോലീസില്‍ നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് താന്‍ ആള്‍മാറാട്ടം നടത്തിയെന്ന തരത്തില്‍ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും തനൂജ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും നിലവില്‍ തനൂജ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു.