ചാരുംമൂട് : അനധികൃതമായി മദ്യവിൽപന നടത്തിയ സ്ത്രീക്കെതിരെ എക്സൈസ് കേസ് എടുത്തു. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തിൽ ശോഭന (60) ക്കെതിരെയാണ് നൂറനാട് എക്സൈസ് കേസ് എടുത്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.
മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവർ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകിയാണ് ശോഭന കച്ചവടം നടത്തിവന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാൻ പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിർത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സന്തോഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അനു , രാജീവ്, ശ്യാം എന്നിവരും പങ്കെടുത്തു.