ന്യൂഡൽഹി : നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബർ അഞ്ചിനാണ് ഈ വർഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാൻ സാധിക്കും.
സായുധസേനയിൽ സത്രീകൾക്കും പരുഷൻമാർക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിങ്ങൾ മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്നും സർക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൺ കൗൾ, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജിയിൽ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.
ജുഡീഷ്യറിയിൽ നിന്ന് നിർദേശം ലഭിച്ച് മാറാൻ നിർബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുൻകൈ എടുത്ത് മാറ്റങ്ങൾ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി.
ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. നിങ്ങൾ തന്നെ മാറ്റുന്നതാണ് നല്ലത്. കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാൻ നിർബന്ധിപ്പിക്കരുത്. നിലവിലുളള നയ തീരുമാനം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ഇക്കാര്യത്തിൽ ക്രിയാത്മകമായ കാഴ്ചപ്പാട് സ്വീകരിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു. സൈന്യം കാര്യങ്ങൾ മുൻകൈ എടുത്ത് ചെയ്യേണ്ടതിനെ പ്രേരിപ്പിക്കുന്നതിനാണ് ഈ ശ്രമം. ഞങ്ങൾ ഉത്തരവുകൾ നൽകുന്നതിനേക്കാൾ സൈന്യം സ്വയം എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു കോടതി വ്യക്തമാക്കി.