തിരുവനന്തപുരം : കാരണക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പോലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖാകുമാരിയെ എത്തിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.