ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ 40 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. ദീപ്തി ശർമ മൂന്ന് വിക്കറ്റുമായി തിളങ്ങി. നേരത്തെ ഷഫാലി വർമയുടെ അർധസെഞ്ച്വറി (40 പന്തിൽ 64) കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (28 പന്തിൽ 24 നോട്ടൗട്ട്), റിച്ചാ ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (20) എന്നിവരും മികച്ച പിന്തുണ നൽകി.
മൂന്ന് തവണയാണ് ഷഫാലിയുടെ ക്യാച്ച് അവസരം ബംഗ്ലാ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്. കരിയറിലെ 20ാം അർധ സെഞ്ച്വറിയാണ് ഷഫാലി സ്വന്തമാക്കിയത്. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് നിരയിൽ ആർക്കും ഇന്ത്യൻ ബൗളിങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 22 റൺസുമായി ഷൊർണ അക്തർ പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളിങിൽ ദീപ്തി ശർമ 3 വിക്കറ്റുകൾ വീഴ്ത്തി മികച്ചു നിന്നു. നന്ദിനി ശർമ 2 വിക്കറ്റും ശ്രീചരണി, പ്രേമാ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.






























