വാഷിംഗ്‍ടണ്‍ : ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 85,463 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേര്‍ മരിച്ചു.
16,240 പേര്‍ രാജ്യത്ത് ഇനിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നലെയും പുതുതായി 25,925 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 1,456,272 ആയി ഉയര്‍ന്നു. അമേരിക്കയ്ക്ക് പിന്നില്‍ ബ്രിട്ടനാണ് മരണത്തില്‍ രണ്ടാം സ്ഥാനം. ബ്രിട്ടനില്‍ ഇതുവരെ 33,614 പേരാണ് മരിച്ചത്. ഇന്നലെയും 428 പേരാണ് ബ്രിട്ടനില്‍ കോവിഡിന് ഇരയായത്. രാജ്യത്ത് 1559 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നലെയും പുതുതായി 3,446 പേരില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം 233,151 ആയി. കോവിഡ് മരണ നിരക്കില്‍ മൂന്നാം സ്ഥാനത്ത് ഇറ്റലിയാണ്. 31,368 പേരാണ് ഇരുവരെ ഇറ്റലിയില്‍ മരിച്ചത്. നാലാം സ്ഥാനത്ത് ഫ്രാന്‍സാണ്. ഫ്രാന്‍സില്‍ 27,425 പേരാണ് ഇതുവരെ മരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മരണ നിരക്കില്‍ നേരിയ കുറവ് അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ബ്രസീല്‍ കൊറോണയുടെ ആ കുറവ് നികത്തി പുത്തന്‍ ശ്മശാനമായി മാറുകയാണ്. ദിവസവും നിരവധി പേരാണ് ബ്രസീലില്‍ മരിച്ചു വീഴുന്നത്. ഇന്നലെയും 835 പേര്‍ ബ്രസീലില്‍ മരണത്തിന് കീഴടങ്ങി. ജനങ്ങളെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കാതെയുള്ള ബ്രസീല്‍ പ്രസിഡന്റിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് രാജ്യത്തെ ഇന്ന് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബ്രസീലില്‍ 13,993 പേരാണ് ഇതുവരെ മരിച്ചത്. ബെല്‍ജിയത്തില്‍ 8,903 പേരും നെതര്‍ലന്‍ഡ്‌സില്‍ 5,590 പേരും കാനഡയില്‍ 5,472 പേരും ഇതുവരെ മരിച്ചു. ഇറാനില്‍ 6,854 പേരാണ് ഇതുവരെ മരിച്ചത്. ജര്‍മനിയില്‍ 7,928 പേര്‍ ഇതുവരെ മരിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2549 ആയി. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 3722 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 78,003 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49,219 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 26,234 പേര്‍ രോഗമുക്തരായി. 33.63 ശതമാനമാണ് രോഗിമുക്തി നിരക്കെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം ആയിരം കടന്നു. വ്യാഴാഴ്ച 44 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1019. പുതിയതായി 1602 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 30000 ആയി മഹാരാഷട്രയിലെ രോഗികളുടെ എണ്ണം.
അതേസമയം കൊവിഡ് രോഗാണുവിനെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എയിഡ്‍സ് വൈറസ് പോലെ ഇത് എക്കാലവും മനുഷ്യർക്ക് ഒപ്പമുണ്ടാകാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യുട്ടീവ് ഡയറക്റ്റർ ഡോക്ടർ മൈക് റയാൻ പറഞ്ഞു.
ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഇവർക്ക് വൈദ്യ സഹായം വേണ്ടിവരുമെന്നും യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി. കൊവിഡ് രോഗത്തിന് ഇപ്പോഴുള്ള മികച്ച പരിചരണരീതി എന്തെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനാ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ പഠനം തുടങ്ങി. യൂറോപ്പിലെ തകർന്ന വിനോദസഞ്ചാര മേഖല പുനര്‍ജീവിപ്പിക്കാന്‍ യൂറോപ്പ്യന്‍ യുണിയൻ പുതിയ പദ്ധതി അവതരിപ്പിച്ചു. മിക്ക രാജ്യങ്ങളും കൂടുതൽ ഇളവുകൾ നൽകണമെന്ന നിർദേശം ഉൾപ്പെടുന്നതാണ് പദ്ധതി.