തിരുവല്ല : അഞ്ച് വർഷം മുമ്പ് പൊളിച്ചതാണ് രാമപുരം മാർക്കറ്റ് കെട്ടിടം. സ്ഥലസൗകര്യത്തിൽ പുതിയ കെട്ടിടം ഉടൻ പണിയുമെന്ന് നഗരസഭയുടെ വാഗ്ദാനം വെറും വാക്കായി. തിരുവല്ലയുടെ ഏക പൊതു ചന്തയാണ് രാമപുരം. താത്കാലിക സംവിധാനത്തിലാണ് ഇപ്പോൾ ചന്തയുടെ പ്രവർത്തനം. മഴപെയ്താൽ കടകൾ വെള്ളക്കെട്ടിലാകും. രണ്ട് നിലകളിലായി പുതിയ കോംപ്ലക്സ് പണിയുമെന്നായിരുന്നു പ്രഖ്യാപനം. താഴത്തെ നിലയിൽ 15 മുറികൾ. നഗരസഭാ കാര്യാലയത്തിനോട് ചേർന്നുതന്നെയാണ് രാമപുരം മാർക്കറ്റ്.
ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയിൽ 2021 മുതൽ നഗരസഭാ ബജറ്റിൽ പണം അനുവദിച്ചു. 2021-ൽ ഷോപ്പിങ് കോംപ്ലക്സിന് 12.32 കോടി, 22-ൽ 13 കോടി, 23-ൽ 4.85 കോടി, 24-ൽ 5.5 കോടി. ഇതുവരെ കരാർ വെയ്ക്കാനുള്ള പദ്ധതിപോലും ആയില്ല. ആദ്യഘട്ടങ്ങളിൽ ടൗൺഹാൾ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടുത്തിയുള്ള പുതിയ ടൗൺഹാൾ, തിരുമൂലപുരത്ത് കോടതി സമുച്ചയത്തോടുചേർന്ന് വാണിജ്യ കെട്ടിടസമുച്ചയം എന്നീ പദ്ധതിയോട് ചേർത്താണ് രാമപുരം മാർക്കറ്റ് കോംപ്ലക്സും പ്രഖ്യാപിച്ചത്.
കഴിഞ്ഞ ബജറ്റിൽ അഞ്ചരക്കോടി രൂപ രാമപുരം ചന്തയ്ക്ക് മാത്രമായി പ്രഖ്യാപിച്ചു. ഈ സാമ്പത്തികവർഷം ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും പ്രഖ്യാപിച്ചു.