ആറന്മുള: ആറന്മുള പഞ്ചായത്തിലെ നീർവിളാകം ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെ കൂട്ടായ്‌മയായ യോഗായനം ഓണാഘോഷം നടത്തി. ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ വീട്ടമ്മമാർ യോഗ പരിശീലിക്കുന്ന സർക്കാർ കേന്ദ്രമായ നീർവിളാകം ആയുർവേദ ആശുപത്രിയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജാ റ്റി ടോജി അദ്ധ്യക്ഷയായി. ഫോക് ലോർ അക്കാദമി ചെയർമാൻ ഓ എസ് ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി എസ് ശ്രീകുമാർ ഓണ സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എസ് മുരളി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജാ പ്രമോദ് , ദീപാ നായർ, മെഡിക്കൽ ഓഫീസർ ഡോ. ജി എസ് സംഗീത, എൻ.എസ്.എസ് കരയോഗം സെക്രട്ടറി ആർ വസന്ത് കുമാർ, മഞ്ജുളാ വേണുഗോപാൽ, യോഗ പരിശീലകൻ വിജയ മോഹനൻ, ഹരി ഇലന്തൂർ, അഡ്വ: കെ എസ് രാമപ്പണിക്കർ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ചു യോഗായനം വനിതാ വേദിയുടെ തിരുവാതിര, മഹാബലി എഴുന്നള്ളത്ത്, വഞ്ചിപ്പാട്ട്, നൃത്തം, പുല്ലാങ്കുഴൽ വാദനം, വടം വലി, ഓണ സദ്യ എന്നിവയും നടന്നു.