അടൂര്‍ : ലൗ ജിഹാദ് തടയയേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ അതിനെതിരെ നിയമം കൊണ്ടുവരാത്തത് എന്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി എത്തിയപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ് ഇതിനകം തന്നെ വിധി നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യോഗി ആരോപണമുയര്‍ത്തി. മുഖ്യമന്ത്രി ജോലി കൊടുക്കുന്നത് പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടി നോക്കിയുമാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.
പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും വഞ്ചിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും യഥാര്‍ത്ഥ വികസനം കേരളത്തിലുണ്ടായിട്ടില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ മറ്റു മന്ത്രിമാരുടെ ഓഫീസുകളുടെ സ്ഥിതി എന്താണെന്നും യോഗി ചോദിച്ചു.