പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വീഞ്ഞ് അഥവാ വൈൻ എന്ന് നാം എപ്പോഴും പറയാറുണ്ട്. എന്നാലും, പഴകുന്നതിന് ഒരു കണക്കില്ലേ അല്ലേ? പക്ഷേ, അങ്ങനെ ഇത്രകാലം എന്നൊന്നും ഇല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വൈൻ പാത്രം തുറക്കുന്ന വീഡിയോയാണ് ഇത്. 100 വർഷം മുമ്പ് തയ്യാറാക്കാനായി അടച്ചുവച്ചിരിക്കുന്ന ഒരു വൈൻ ആണ് ഇവിടെ തുറക്കുന്നത്. ‘indianfoodierocks’ എന്ന യൂസറാണ് 100 വർഷം പഴക്കമുള്ള ഈ വൈൻ തുറക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വൈനിന്റെ ഭരണി തുറക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.
കത്തിപോലെ ഒരു വസ്തു ഉപയോഗിച്ച് വൈൻ വച്ചിരിക്കുന്ന ഭരണിയുടെ പുറത്തെ അടപ്പ് തുറക്കുന്നതാണ് ആദ്യം കാണാൻ സാധിക്കുക. പിന്നീട് അത് മൂടിവച്ചിരിക്കുന്ന ഇലകൾ മാറ്റുന്നു. കുറച്ച് നേരം പണിയെടുത്താണ് എന്തായാലും പാത്രം തുറക്കുന്നത്. ശേഷം അതിൽ നിന്നും വൈൻ എടുക്കുന്നതും കാണാം. എന്തായാലും 100 വർഷം പഴക്കമുള്ള വൈൻ എന്നത് ആരേയും ഒന്ന് അത്ഭുതപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ആരായാലും അത് വിശ്വസിക്കാനും അല്പം പ്രയാസം തന്നെ അല്ലേ ? എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായിട്ടുണ്ട്. 13 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വൈനിന് 100 വർഷം പഴക്കമുണ്ട് എന്നത് സത്യമാണോ എന്ന് ചോദിച്ചവരും അനേകം ഉണ്ട്.