ഹൈദരാബാദ് : ഇരുപതിലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് ആണ് പത്തൊമ്പത്കാരനെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇയാളുടെ വലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലകുര്‍ത്തി അജയ് എന്ന യുവാവാണ് വിവിധ പേരുകളില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി യുവതികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് ഏതാനും നാളുകള്‍ കൊണ്ട് അവരെ വശത്താക്കുകയും ചെയ്യുന്നത്.
പിന്നീട് സംഭാഷണം പതിയെ ലൈംഗികതയിലേക്ക് വഴി മാറ്റും. ശേഷം ഇയാള്‍ പെണ്‍കുട്ടികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ സ്വന്തമാക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നവംബര്‍ 29ന് ഇയാള്‍ ഉപദ്രവിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായി പരാതി ലഭിച്ചുവെന്ന് സിസിഎസ് ജോയിന്റ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അജയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങിയ പെണ്‍കുട്ടി ആദ്യം 3000 രൂപ നല്‍കി. എന്നാല്‍, പിന്നീട് 6000 രൂപ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അജയ്യെ അറസ്റ്റ് ചെയ്തു.