അടൂര്‍ : ബേക്കറിയില്‍ നിന്ന് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പതിനാലാംമൈല്‍ ജംക്ഷനു സമീപത്തുള്ള ചിം ചിം ബേക്കറിയില്‍ നിന്ന് 30,000 രൂപ മോഷണം നടത്തിയ കേസില്‍ ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില്‍ വാടകയ്ക്ക് താമസിക്കുന്ന മുളവന ആല്‍ത്തറമൂട് കാഞ്ഞിരോട് ചേരിയില്‍ മുകളില്‍ വീട്ടില്‍ ശ്യാംകുമാറാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ 30ന് പുലര്‍ച്ചെയാണ് സംഭവം. ബേക്കറി ഉടമ സുഭാഷ് കട തുറന്ന സമയത്ത് സാധനം വാങ്ങാനെന്ന വ്യാജേന എത്തി തന്ത്രപൂര്‍വം മേശയില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സുഭാഷ് അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
പത്രവിതരമക്കാര്‍ നല്‍കിയ വിവരം വെച്ച്പ്രതി സഞ്ചരിച്ച സ്‌കൂട്ടറിന്റെ നിറം മനസ്സിലാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലും വിവിധ സ്ഥലങ്ങളിലെ സിസിടിവിയിലൂടെ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇയാളെ വാടക വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍പ് പന്തളം പോലീസ് സ്റ്റേഷന്റെ പരിധിയിലും ഇയാള്‍ മോഷണ കേസില്‍ അറസ്റ്റിലായിരുന്നതായും പോലീസ് പറഞ്ഞു. ഡി.വൈ.എസ്.പി ആര്‍.ബിനു, ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ്, എസ്‌ഐ എം. മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്യാമിനെ അറസ്റ്റ് ചെയ്തത്.