പൊന്നാനി : റോഡരികിലെ ചുവരുകളില്‍ പോസ്റ്റര്‍ പതിച്ച് യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പാലക്കാട് കുമരനെലൂര്‍ തോട്ടുപുറത്ത് ടി.എസ്. ശ്രീജിനാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ മുഖേനയുമാണ് യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്.
എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തുള്ള യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പൊന്നാനി പോലീസില്‍ പരാതി നല്‍കി. പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ. കൃഷ്ണലാല്‍, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ സമീര്‍, ഹരികൃഷ്ണന്‍, സി.പി.ഒ. വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.