മുംബൈ : തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവര്‍ പരേല്‍ ഭാരത് ടെക്സ്റ്റൈല്‍ മില്‍ ടവറിലെ ഫ്ലാറ്റില്‍ മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് നിരാശരായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാര്‍ സോള്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായേഴ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും. ഓണത്തിനു മകനും മരുമകളും വരാന്‍ കാത്തിരുന്നപ്പോള്‍ എത്തിയ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്റെ കുടുംബം. ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാര്‍, അച്ഛന്‍ മധുസൂദനന്‍പിള്ളയും അമ്മയുമായി സംസാരിച്ചു.
ഓണത്തിനു നാട്ടിലെത്താന്‍ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു. റിട്ടയേഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനന്‍ പിള്ള.