പാവറട്ടി: ഭര്‍ത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ (20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിജിഷയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏനാമാക്കല്‍ കനോലി കനാലില്‍ ആണ് നിജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തില്‍ ഹരികൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിജിഷയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ ഒരു മെസ്സേജ് വന്നിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് നിജിഷ രാത്രി തന്നെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നിജിഷയെ പിന്നീട് കണ്ടത്, കനോലി കനാലില്‍ മരിച്ചനിലയില്‍ ആയിരുന്നു. 2021-ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.