കോന്നി : മദ്യപിച്ച് നടുറോഡിൽ പരിഭ്രാന്തി പരത്തിയ യുവതിയെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനെ തുടർന്ന് ഇന്ന് ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ രണ്ടരയോടെ കൊല്ലൻപടിയിലായിരുന്നു സംഭവം.
കൊല്ലൻപടി ജംഗ്ഷനിൽ രാത്രിയിൽ എത്തിപ്പെട്ട യുവതി പുനലൂർ -മൂവാറ്റുപുഴ റോഡിലേക്ക് ഇറങ്ങി വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടുകയും പരിഭ്രാന്തി പരത്തുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടോപ്പം യുവതിയെ പറഞ്ഞുവിടുകയായിരുന്നു.
പെൺകുട്ടി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. പൊതു നിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.