സുൽത്താൻബത്തേരി : ആദിവാസി യുവാവിന്റെ വാഹനത്തിൽനിന്ന് ചന്ദനത്തടി പിടികൂടിയ സംഭവത്തിൽ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ. ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് യുവാവിനോടുള്ള മുൻവൈരാഗ്യം മൂലം കള്ളക്കേസിൽ കുടുക്കുന്നതിനായി വാഹനത്തിൽ ചന്ദനം കൊണ്ടുവെച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ ജീപ്പിൽനിന്ന് ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ചാക്കിൽ കെട്ടിയനിലയിൽ ചന്ദനം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സുഭാഷിന്റെ വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ കുറച്ചകലെയുള്ള മറ്റൊരുവീട്ടിൽ ഒരാഴ്ചയോളമായി ഈ ജീപ്പ് നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 20 കിലോയോളം തൂക്കമുള്ള നാലടിയോളം നീളമുള്ള രണ്ടു ചന്ദനമുട്ടികളാണ് ജീപ്പിനുള്ളിൽനിന്ന് കണ്ടെടുത്തത്. സുഭാഷിനെയും വാഹനത്തെയും രാവിലെത്തന്നെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ച് കസ്റ്റഡിയിലെടുത്ത സുഭാഷിനെ വിട്ടുകിട്ടണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രാവിലെ 8.30 ഓടെ പഴൂരിലുള്ള വനംവകുപ്പിന്റെ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
സുഭാഷിന്റെ മൂന്ന് കുട്ടികളോടൊപ്പമെത്തിയാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളും എത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്. സുഭാഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായി ആരോപണം നേരിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഇതിനുമുമ്പും ഇത്തരത്തിലുള്ള നടപടികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ 1 ഓടെ മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി സുനിൽകുമാർ, നൂൽപ്പുഴ പോലീസ് ഇൻസ്പെക്ടർ ടി.സി മുരുകൻ എന്നവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം അമൽജോയ്, സി.പി.എം നേതാക്കളായ വി.വി ബേബി, പി.ആർ ജയപ്രകാശ് തുടങ്ങിയവർ ചർച്ചനടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
കേസിൽ പ്രതിചേർത്തിട്ടുണ്ടെങ്കിലും സുഭാഷിനെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്ത് വിട്ടയയ്ക്കാമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം നടത്താമെന്നുമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്. ചോദ്യം ചെയ്യലിനുശേഷം വനംവകുപ്പ് സുഭാഷിനെ ഉച്ചയോടെ വിട്ടയച്ചു.