റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ സ്വദേശി കുന്നുംപുറത്ത് വീട്ടിൽ ദിലീപ് കുമാർ (44) നെ ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുൻപ് ഇവർ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞു വരികയായിരുന്നു. സ്ഥിരമായി പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അവിടെ എത്തിയാണ് പ്രതി ഫ്യൂസ് കാരിയർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.
ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കേസെടുത്ത റാന്നി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സിബി എസ്., എസ്.സി.പി.ഓ സതീഷ്, സി.പി.ഓ മാരായ ഗോകുൽ കണ്ണൻ, ജിബിൻ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




























