ഭോപാല്‍ : മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28കാരന് ദാരുണാന്ത്യം. റോഡില്‍ നിന്ന് ശേഖരിച്ച ഉപകരണം മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മരിച്ച യുവാവ് ഉപയോഗിച്ചത് പവര്‍ബാങ്ക് തന്നെയാണോയന്ന് ഉറപ്പ് വരുത്തുന്നതേ ഉള്ളൂ.
മരിച്ച റാം സാഹില്‍ പാല്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുന്ന വേളയിലാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.