കൊല്ലം : കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍-51 ല്‍ ഉദയകിരണ്‍ (കിച്ചു-25) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയിലാണ് കുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവാണ് കുത്തിയത്. വിഷ്ണു പ്രദേശത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനുമാണ്. വീട്ടിലേക്ക് അതിക്രമിച്ചു കയറി കുത്തിയ ശേഷം വിഷ്ണു ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെയും പിടികൂടി.
കുത്തേറ്റ് അവശനായി പിടഞ്ഞു വീണ കിച്ചുവിനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പ്രതിയായ വിഷ്ണുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലാണ് ചികിത്സ.