തിരുവനന്തപുരം : അപകടത്തെത്തുടർന്ന് കാൽപാദം അറ്റുപോയ കൊല്ലം സ്വദേശി 26 കാരന് പുതുജീവൻ. ജെസിബി ഡ്രൈവറായ യൂസഫിന്റെ കാല്പാദമാണ് അപകടത്തെത്തുടർന്ന് അറ്റുപോയത്. എസ് പി മെഡിഫോർട്ടിലെ പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടൻ്റായ ഡോ. ശ്രീലാൽ ശ്രീധരൻ്റെ നേതൃത്വത്തിൽ നടന്ന അപൂർവ ശസ്ത്രക്രിയകളുടെ ഭാഗമായി യൂസഫിന്റെ കാല്പാദം വിജയകരമായി തുന്നിച്ചേർത്തത്. അപകടത്തിൽ കാൽ പൂർണ്ണമായും മുറിഞ്ഞുപോയത് സംയോജിപ്പിക്കാൻ പലഘട്ടങ്ങളിൽ ഉള്ള ശസ്ത്രക്രിയകൾ വേണ്ടി വന്നു. വേർപ്പെട്ടുപോയ എല്ലുകളെ സുസ്ഥിരമാക്കാൻ ഒരു ബാഹ്യ ഫിക്സേറ്റർ ഉപയോഗിച്ച് കാൽ വീണ്ടും ഘടിപ്പിക്കുന്നത് ഉൾപ്പെടയുള്ള ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്. രക്തക്കുഴലുകൾ സൂക്ഷ്മമായി തുന്നിച്ചേർക്കുകയും തുടർന്ന് രോഗിയുടെ വലത് കാലിൽ നിന്ന് ഞരമ്പുകളും ധമനിയും സംയോജിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വമായതും പ്രയാസം നിറഞ്ഞതുമായ ആദ്യ ഘട്ട ശസ്ത്രക്രിയകൾ വിജയിച്ചു
സങ്കീർണ്ണമായതായിരുന്നു ശസ്ത്രക്രിയകൾ എന്ന് ഡോ. ശ്രീലാൽ ശ്രീധരൻ പറഞ്ഞു. ശസ്ത്രക്രിയകളുടെ ഓരോ ഘട്ടത്തിലും മൾട്ടി ഡിസിപ്ലിനറി സമീപനവും വിശദമായ ശ്രദ്ധയും ആവശ്യമായി വേണ്ടി വന്നു. യൂസഫിന്റെ കാലുകൾ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നില്ല ലക്‌ഷ്യം. നഷ്ടപ്പെട്ടു പോയി എന്ന് വിചാരിച്ചിടത്തു നിന്ന് യൂസഫിന്റെ ജീവിതത്തെ തിരികെ പിടിക്കുകയും അയാളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരികയായിരുന്നു ലക്‌ഷ്യം. അതിന്റെ ആദ്യ ഘട്ടം വിജയകരമായി എന്നും ഡോ. ശ്രീലാൽ ശ്രീധരൻ പറഞ്ഞു.