ന്യൂഡൽഹി : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ഭർതൃമതിയായ യുവതി മരിച്ചു. ഡൽഹി ബാവ്ന നഗറിലാണ് സംഭവം. 23 വയസുള്ള മോണ്ടു എന്ന യുവാവിന്റെ വിവാഹാഭ്യർത്ഥ നിരസിച്ചതിനെ തുടർന്നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. നവംബർ മൂന്നിനാണ് യുവതി ആക്രമണത്തിന് ഇരയായത്.
മുഖത്തും കഴുത്തിനും നെഞ്ചിനും വയറിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മോണ്ടുവിനെ ബിഹാറിലെ ബുസാർ ജില്ലയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ ഐ.പി.സി സെക്ഷൻ 302 പ്രകാരം എഫ്.ഐ.ആർ ചുമത്തിയതായി അറിയിച്ച പോലീസ് യുവതിയുടെ ആരോഗ്യ നില മോശമായിരുന്നെങ്കിലും രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു. ഡൽഹിയിലെ ബാവ്നാ ഇൻടസ്ട്രീയൽ പരിസരത്ത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവ്. 2011ൽ വിവാഹിതരായ ഇവർക്ക് ഒൻപതുമാസം പ്രായമായ മകളും, 6,9 വയസുള്ള രണ്ട് ആൺകുട്ടികളുമുണ്ട്.
ഭാര്യയ്ക്ക് നീതി ലഭിക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. വൃക്ക സംബന്ധമായ അസുഖങ്ങളും യുവതിയെ മരണത്തിലേക്ക് നയിച്ചെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥന നടത്തിയപ്പോൾ നിരസിച്ചതിനെ തുടർന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്താനും മോണ്ടു പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ കുടുംബവും പ്രതിയുമായി രണ്ടു വർഷത്തെ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു.