ബംഗളൂരു : കര്‍ണാടകയില്‍ എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് കയ്യോടെ പിടികൂടി. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ വഴിമധ്യേ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തില്‍. സംശയം തോന്നി പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ബംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് പുലര്‍ച്ചെയാണ് 19 വയസ്സുള്ള സച്ചിനും കൂട്ടാളി ഗഗനും ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത്.
എടിഎമ്മില്‍ നിന്ന് പണം കവരാന്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ എത്തിയതെന്ന് പോലീസ് പറയുന്നു. എടിഎം കുത്തിത്തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു. നാട്ടുകാരെ കണ്ട് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി കൈയില്‍ കരുതിയിരുന്ന ഉപകരണങ്ങള്‍ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഇവര്‍ ഈസമയത്ത് യൂണിഫോമിലായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് പ്രതികളെ പിടികൂടിയത്. വഴിമധ്യേ സച്ചിനും ഗഗനും പോലീസ് വാഹനം ആണെന്ന് തിരിച്ചറിയാതെ ലിഫ്റ്റ് ചോദിച്ചു. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.






























