തൃശ്ശൂർ: ബിറ്റ്‌കോയിന്‍ ഇടപാടിൽ പണം നഷ്ടപ്പെട്ടതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പ്രതികൾ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. കോൺഗ്രസ് പ്രാദേശിക നേതാവായ മലപ്പുറം താനൂർ ചെറുവത്ത് കൊറ്റായിൽ വീട്ടിൽ ഷൗക്കത്ത് (45), താനൂർ അടിപറമ്പിൽ താഹിർ (28), ആലപ്പുഴ വടുതല തക്ഫീക്ക് മൻസിലിൽ നിസാർ (39), എടപ്പള്ളി തോപ്പിൽപറമ്പിൽ ധിനൂപ് (31), ആലപ്പുഴ അരൂർ വട്ടക്കേരി കായ്പുറത്ത് വീട്ടിൽ ശ്രീനാഥ് (27), പരപ്പനങ്ങാടി പോക്കുഹാജിന്റെപുരയ്ക്കൽ വീട്ടിൽ ഫദൽ (36), പള്ളിച്ചന്റെപുരയ്ക്കൽ വീട്ടിൽ അനീസ് (27), ചേർത്തല പെരിങ്ങോട്ടുച്ചിറ വീട്ടിൽ ധനീഷ് (31), ചേർത്തല കാരിക്കനേഴത്ത് വീട്ടിൽ ജിതിൻ (26), ജെഫിൻ (30), ആലപ്പുഴ അരൂക്കുറ്റി കൊഴുപ്പുള്ളിത്തറ വീട്ടിൽ ബെസ്റ്റിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
മറ്റ് പ്രതികളായ കണ്ണൻ, സിറാജ്, ജോമോൻ, സൽമാൻ, ആഷിഖ് എന്നിവരെ പിടികൂടാനുണ്ട്. മലപ്പുറം ഇയംമട വീട്ടിൽ മുഹമ്മദ് നവാസിനെ തൃശ്ശൂരിൽ നിന്ന് കാറിൽ ബലംപ്രയോഗിച്ച് സംഘം തട്ടിക്കൊണ്ടുപോയതാണ് കേസ്. ബിറ്റ്കോയിൻ നെറ്റ്‌വർക്കിൽ പണം നഷ്ടപ്പെട്ടതിന്റെ പേരിൽ നവാസിനെ തട്ടിക്കൊണ്ടുപോവാൻ പ്രതി ഷൗക്കത്ത് മറ്റൊരു പ്രതി നിസാറിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലിയേക്കര ടോളിന് സമീപം നവാസിനെ കണ്ടെത്തുകയായിരുന്നു.
നവാസിന്റെയും ഭാര്യയുടെയും പേരിലുള്ള പറമ്പും സ്വത്തും രണ്ട് ദിവസത്തിനുള്ളിൽ എഴുതിക്കൊടുക്കാമെന്ന് പറഞ്ഞതോടെയാണ് നവാസിനെ സംഘം വിട്ടയച്ചത്.