പത്തനംതിട്ട : അദാനിപോര്‍ട്ടിന്‍റെ ആവശ്യത്തിന് കലഞ്ഞൂരില്‍ നിന്നും പാറ ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പബ്ലിക്ക് ഹിയറിംഗ് സ്ഥലത്ത് ഹാജരായ യുവാവിനെ അകാരണമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവിയെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. പാറ ഖനനത്തിനെതിരെ നിലപാടെടുത്ത് രംഗത്തു വന്ന യുവാവിനെ പരസ്യമായി കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥന്‍റെ താല്പര്യവും അന്വേഷണത്തിനു വിധേയമാക്കണം
എല്‍ .ഡി .എഫ് സര്‍ക്കാരിന്‍റെ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. എന്തു ന്യായീകരണം പറഞ്ഞാലും പോലീസ് മര്‍ദ്ദനം ഒരു കാരണവശാലും അംഗീകരിക്കില്ല. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തില്‍ കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ പറഞ്ഞു .