കൊട്ടാരക്കര : പോലീസ് കസ്റ്റഡിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊട്ടാരക്കര പോലീസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പള്ളിക്കൽ ഗിരീഷ് ഭവനിൽ ഹരീഷ്കുമാറിനാണ് (37) മർദ്ദനമേറ്റത്. കാറിൽവെച്ചും സ്റ്റേഷനിൽ എത്തിച്ചുമാണ് മർദിച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച വൈകിട്ടാണ് മർദ്ദനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ഹരീഷ് കുമാർ പള്ളിക്കൽ- മണ്ണടി റോഡിൽ കുടുംബവുമൊത്ത് കാറിൽ വരവെ എതിർദിശയിൽ വന്ന കാറുകാരുമായി പിന്നോട്ടെടുക്കുന്നതു സംബന്ധിച്ച് തർക്കമുണ്ടാകുകയും ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തു. ശേഷം ഇരുകൂട്ടരും സ്ഥലത്ത് നിന്ന് പോയി. പിന്നാലെ കാറുകാരൻ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയെന്നു പറഞ്ഞ് ഹരീഷ്കുമാറിനെ പോലീസ് ഫോണിൽ വിളിച്ചു.
സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ട് പോകാതിരുന്നതിനെ തുടർന്ന് ഹരീഷ്കുമാർ ജോലി ചെയ്യുന്ന ബാറിലെത്തിയ പോലീസ് കൂട്ടികൊണ്ടുപോയെന്നും കാറിൽ കയറ്റിയശേഷം ക്രൂരമായി മർദ്ദിച്ചു എന്നുമാണ് പരാതി. രണ്ട് മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് ഫൈബർ വടി ഉപയോഗിച്ച് കാലിൽ അടിച്ചതായും പറയുന്നു. അഞ്ചിന് വൈകിട്ട് റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നതു കണ്ട് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തതായി ഹരീഷ് കുമാർ പറയുന്നു. മർദിച്ച പോലീസുകാർക്കെതിരെ റൂറൽ എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവ്.