കണ്ണൂര്‍ : കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എ വിഭാഗം നേതാവുമായ കെ.എം അഭിജിത്തിനെതിരേ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം. കഴിഞ്ഞദിവസം നേതാക്കള്‍ തമ്മിലുള്ള വാട്സാപ്പ് സംഭാഷണം പുറത്തുവന്നിരുന്നു. ഐ വിഭാഗമാണ് നീക്കത്തിന് പിന്നില്‍. ഒരു ടേംകൂടി അഭിജിത്ത് പ്രസിഡന്റായി തുടരട്ടെ എന്ന ഔദ്യോഗിക തീരുമാനത്തിനെതിരേയാണ് ഒരുവിഭാഗം നിലകൊള്ളുന്നത്. ഭാരവാഹികള്‍ എല്ലാവരും രാജിവെച്ച് പ്രായപരിധി അനുസരിച്ച് പുനഃസംഘടന നടത്തണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം. അഭിജിത്ത് എ വിഭാഗമാണെങ്കിലും വൈസ് പ്രസിഡന്റുമാരെല്ലാം ഐ വിഭാഗക്കാരാണ്. കെ.എസ്.യു.വിന്റെ പ്രായപരിധി 27 വയസ്സാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവരാണ് കമ്മിറ്റി മൊത്തം മാറണം എന്നു വാദിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് കൂടിയായ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍, പത്തനംതിട്ട ജില്ലാപ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനെ നിലനിര്‍ത്തിക്കൊണ്ടുള്ള പുനഃസംഘടനയെ എതിര്‍ക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്റെ ഇടപെടല്‍ ദുര്‍ബലമായിരുന്നു എന്ന് വാട്‌സാപ്പ് ഗ്രൂപ്പിലുള്ള അഭിപ്രായത്തിന് പ്രതികരണമായാണ് അഭിജിത്തിനെതിരേ വിരുദ്ധാഭിപ്രായം ഗ്രൂപ്പില്‍ ഉയര്‍ന്നത്.