പാലക്കാട് : ഉത്സവം കണ്ടു മടങ്ങിയ യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുകയായിരുന്ന പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പിൽ രഘുവരന്‍ ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലക്കിടി റോഡിൽ വച്ച് ബൈക്കിൽ പോകുകയായിരുന്ന മൂന്നുപേരും രഘുവരനും തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം പിരിഞ്ഞു പോയ സംഘങ്ങൾ ലക്കിടി കൂട്ടുപാതയിലെ ഹോട്ടലിൽ വച്ച് വീണ്ടും തര്‍ക്കവും കയ്യാങ്കളിയുമായതിനിടെയാണ് രഘുവരനു നേരെ ആക്രമണമുണ്ടായത്.
റോഡിൽ പോലീസിനെ കണ്ട ഇരു സംഘങ്ങളും ചിതറിയോടി. രഘുവരൻ സമീപത്തെ വയൽ പ്രദേശത്തേക്ക് ഓടി മറഞ്ഞു. ആന്തരിക അവയവങ്ങൾക്കു പരിക്കേറ്റ രഘുവരൻ ഇവിടെ വെച്ചാണ് മരിച്ചത്. സുഹൃത്തുക്കൾ വീടുകളില്‍ തിരിച്ചെത്തിയിട്ടും രഘുവരൻ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയും ഇതിനിടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.