കുരുവട്ടൂര്‍ : ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച. പറമ്പില്‍ ബസാര്‍ നമ്പ്യാട്ടുതാഴം കനാലിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി രാഹുലിനെയാണ് തലക്കു പരിക്കേല്‍പ്പിച്ച് കവര്‍ച്ചക്കിരയാക്കിയത്. 3000 രൂപ അടങ്ങിയ പഴ്സും പുതിയ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ച മൂന്നരയോടെയാണ് സംഭവം.
അപകടം പറ്റിയെന്നും വെള്ളം വേണമെന്നും ആവശ്യപ്പെട്ട് വന്ന ആള്‍ക്ക് വാതില്‍ തുറന്ന് വെള്ളം എടുക്കുന്നതിനിടെ മുറിയില്‍ കയറിയ ആക്രമി രാഹുലിനെ തള്ളിവീഴ്ത്തുകയായിരുന്നു. മോഷണശ്രമം ചെറുത്ത രാഹുലിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവീഴ്ത്തി. കറുത്ത തൊപ്പിയും അതിനു മുകളില്‍ ഹെല്‍മറ്റും ധരിച്ച് കറുത്ത പള്‍സര്‍ ബൈക്കിലാണ് ആക്രമി വന്നതെന്ന് രാഹുല്‍ പറഞ്ഞു. പരിക്കേറ്റ രാഹുലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ രാഹുല്‍ അഞ്ചു മാസം മുമ്പാണ് കുരുവട്ടൂര്‍ പൊട്ടംമുറി സ്വദേശിയുടെ കൂടെ ജോലിക്ക് ചേര്‍ന്നത്. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലും മുമ്പ് വെള്ളം ചോദിച്ച് എത്തിയിരുന്നുവത്രെ.
മുമ്പ് 20,000 രൂപ മോഷണം പോയ അനുഭവം ഉള്ളതിനാല്‍ വാതില്‍ തുറക്കാതെ ഗ്രില്ലിനിടയിലൂടെ വെള്ളം കൊടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം പുല്ലാളൂരില്‍ കട കുത്തിത്തുറക്കാനും ശ്രമമുണ്ടായി. കറുത്ത് ഉയരംകൂടിയ ആളാണ് കവര്‍ച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ചേവായൂര്‍ പപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.