യൂട്യൂബ് (YouTube) മറ്റെല്ലാ ടെക് പല പ്ലാറ്റ്ഫോമുകളെയും പോലെ വരുമാനത്തിൽ ഇടിവ് നേരിടുകയാണ്. യൂട്യൂബിന്റെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായിട്ടാണ് യൂട്യൂബ് വീഡിയോകൾക്കിടയിലെ പരസ്യങ്ങൾ വർധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരസ്യ വരുമാനം വർധിപ്പിക്കുന്നുണ്ടെങ്കിലും പരസ്യങ്ങൾ ഇല്ലാതെ വീഡിയോ കാണാനായി ആളുകളെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ യൂട്യൂബ് പ്രേരിപ്പിക്കുന്നുണ്ട്.
പരസ്യങ്ങൾ വർധിപ്പിച്ച് വരുമാനം ഉയർത്താനും പ്രീമിയം സബ്സ്ക്രിപ്ഷനിലേക്ക് ആളുകളെ ആകർഷിക്കാനും യൂട്യൂബ് നടത്തുന്ന ശ്രമങ്ങൾക്ക് വില്ലനായി എത്തുന്നത് ആഡ് ബ്ലോക്കറുകളാണ്. ബ്രൌസറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആഡ് ബ്ലോക്കറുകൾ യൂട്യൂബ് അടക്കമുള്ള വെബ്സൈറ്റുകളിൽ നിന്നുള്ള പരസ്യങ്ങളെ തടയുന്നു. ധാരാളം ആളുകൾ ഇത്തരത്തിൽ ആഡ് ബ്ലോക്കറുകൾ ഉപയോഗിച്ച് വീഡിയോ കാണുന്നുണ്ട്. ആഡ് ബ്ലോക്കറുകൾക്കെതിരെ പ്രതിരോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ യൂട്യൂബ്. പരസ്യങ്ങൾ തടയാൻ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടിയാണ് യൂട്യൂബ് കൊണ്ടുവരാൻ പോകുന്നത്. ഇതിനായുള്ള സംവിധാനം നിലവിൽ പരീക്ഷിക്കുന്നുണ്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇനി മുതൽ പരസ്യങ്ങൾ തടയാൻ ആഡ് ബ്ലോക്കർ പ്ലഗിൻ ഉപയോഗിക്കുന്ന ആളുകൾക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണം മൂന്നായി ചുരുക്കിയേക്കും. ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് യൂട്യൂബ് ഒരു പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ അയക്കുന്നു. ഈ നോട്ടിഫിക്കേഷനിൽ കാണിക്കുന്നത് ആഡ് ബ്ലോക്കർ ഡിസേബിൾ ചെയ്തില്ലെങ്കിൽ പ്ലാറ്റ്ഫോം അവരുടെ വീഡിയോ വ്യൂവിങ് എക്സ്പീരിയൻസ് പരിമിതപ്പെടുത്തും എന്നാണ് യൂട്യൂബ് വിശദീകരിക്കുന്നത്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് സൗജന്യമായി ലഭിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കമ്പനി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാൻ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പണം കൊടുത്ത് വാങ്ങാവുന്നതാണ്. ക്രിയേറ്റർമാർക്ക് നൽകാനുള്ള തുക ഉൾപ്പെടെ പരസ്യങ്ങളിൽ നിന്നും പ്രീമിയം സബ്സ്ക്രിപ്ഷനിൽ നിന്നുമാണ് ശേഖരിക്കുന്നത് എന്ന് യൂട്യൂബ് വിശദീകരിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലൊരു മുന്നറിയിപ്പ് യൂട്യൂബ് നൽകി കഴിഞ്ഞാൽ പിന്നീട് ഉപയോക്താക്കൾക്ക് രണ്ട് കാര്യങ്ങൾ ചെയ്യാം, ആദ്യത്തേത് ആഡ് ബ്ലോക്കർ ഒഴിവാക്കി വീഡിയോകൾ പരസ്യത്തോടെ കാണാം എന്നതാണ്. രണ്ടാമത്തെ ഓപ്ഷൻ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ വാങ്ങാം എന്നതാണ്. നിലവിൽ ഈ നോട്ടിഫിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് നൽകുന്നത്. വൈകാതെ തന്നെ ഈ സംവിധാനം എല്ലായിടത്തും കൊണ്ടുവരുമെന്നും ആഡ് ബ്ലോക്കറുകളെ ഇത്തരത്തിൽ പ്രതിരോധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.