കോന്നി : യുവ 2021 പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കോന്നിയിലെ യുവജനങ്ങള്‍ നാളെ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും വര്‍ഗീയ ചിന്തകളെയും ഇല്ലാതാക്കിക്കൊണ്ട് കായികമാണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തി യുവജനങ്ങളെ ദിശാബോധത്തോടെ ജീവിതവിജയം കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് യുവ 2021 പദ്ധതി.
നാളെ (12) വൈകിട്ട് മൂന്നിന് എലിയറയ്ക്കലില്‍ നിന്നും കോന്നി ആനക്കൂട് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ കായിക താരങ്ങളും യുവജനപ്രതിനിധികളും ഈ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും സംഘടിപ്പിക്കുന്ന യംഗ് സ്പീക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് യുവ-2021 ന്റെ ഉദ്ഘാടനം കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ഇതോടൊപ്പം കോന്നി നിയോജകമണ്ഡലത്തിലെ ക്ലബുകള്‍ക്കായി കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി സാമ്പത്തിക സഹായവും വിതരണം ചെയ്യും. കോന്നിയുടെ സമഗ്രവികസനത്തിന് സഹായിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യുവജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സമര്‍പ്പിക്കാം.
നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെയും യുവജന ക്ലബുകളും, യുവജനസംഘടനകളും പദ്ധതിയുടെ ഭാഗമാണ്. യുവ 2021 കോന്നി നിയോജകമണ്ഡലത്തില്‍ ആരംഭിക്കുന്നതോടുകൂടി മണ്ഡലത്തിലെ എല്ലാ യുവജന ക്ലബുകള്‍ സജീവമാവുകയും നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങള്‍ ഉണരുകയും പുതിയൊരു കായികസംസ്‌കാരം രൂപപ്പെടുകയും ചെയ്യും. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവിധ തരത്തിലുള്ള ലഹരികളുടെ ഉപയോഗം കായിക സംസ്‌കാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുവ-2021 പദ്ധതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കും. ആദ്യഘട്ടമെന്നനിലയില്‍ 11 പഞ്ചായത്തിലെയും യുവജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി അവസാന വാരം കായികമത്സരങ്ങള്‍ നടത്തും.