തിരുവനന്തപുരം : പത്താംതരം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും. ഔപചാരികതലത്തില്‍ ഏഴാംക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും പത്താംതരം തുല്യതാകോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തില്‍ പത്താം ക്ലാസോ വിജയിച്ചവര്‍ക്കും ഹയര്‍സെക്കന്‍ഡറി തോറ്റവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന് അപേക്ഷിക്കാം.
രജിസ്‌ട്രേഷന്‍ സമയത്ത് 22 വയസ് പൂര്‍ത്തിയായിരിക്കണം. ട്രാന്‍സ്ജന്‍ഡര്‍, എസ്.സി, എസ്.ടി. വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവുണ്ട്. ഫെബ്രുവരി 28 വരെ ഫൈന്‍കൂടാതെ അപേക്ഷിക്കാന്‍ കഴിയും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സാക്ഷരതാമിഷന്റെ വെബ്‌സൈറ്റില്‍ ഫെബ്രുവരി ഒന്നു മുതല്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാക്ഷരതാമിഷന്റെ ജില്ലാ ഓഫീസുമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടണം.