മലപ്പുറം : മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ മുഹമ്മദ് സൗഹാന്‍ എന്ന 15 കാരനെ കാണാതായിട്ട് ഇന്നേക്ക് നൂറുദിവസം. കുട്ടിക്കുവേണ്ടി പോലീസും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം വ്യാപക തെരച്ചില്‍ നടത്തിയിട്ടും ഒരു തെളിവും ഇതുവരെ ലഭിച്ചില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് സൗഹാന്റെ കുടുംബം പറഞ്ഞു. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലും പ്രതികരിച്ചു.
വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയെ കാണാതായ ശേഷം നൂറ് കണക്കിനാളുകളും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് തെരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.