ചെന്നൈ : നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക പരിശോധിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ നിന്നും 19കാരിയെ കാണാതായി. വെള്ളിയാഴ്ച ഉത്തരസൂചിക നോക്കിയതിന് പിന്നാലെ മകള്‍ ശ്വേതയെ കാണാതായതായി കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 12നായിരുന്നു അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. ശ്വേത രണ്ടാം തവണയായിരുന്നു പരീക്ഷ എഴുതിയത്. രാസിപുരം പോലീസ് സ്റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.
നീറ്റ് പരീക്ഷ പേടിയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് നിയമസഭ നീറ്റ് പരീക്ഷക്കെതിരെ ബില്‍ കൊണ്ടുവന്നത്. പരീക്ഷപ്പേടിയില്‍ കടുംകൈ ചെയ്യരുതെന്നും കരുത്തോടെയിരിക്കണമെന്നും നടന്‍ സൂര്യ കുട്ടികളോട് വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു. സ്വയം ജീവനൊടുക്കുന്നത് മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുന്നതിന് സമാനമാണെന്ന് വീഡിയോയില്‍ സൂര്യ പറഞ്ഞു.
മൂന്ന് വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതോടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ് നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ്ലൈന് സ്ഥാപിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍ 104ലേക്കാണ് വിളിക്കേണ്ടത്.