ഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ രണ്ട് ഭീകരരെ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സരയ് കാലെ ഖാനില്‍ വെച്ചാണ് ജമ്മുകാശ്മീര്‍ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് (22), അഷ്‌റഫ് ഖട്ടാന (20) എന്നിവരെ നാടകീയമായി അറസ്റ്റ് ചെയ്തത്.
രണ്ട് പേരും ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സരയ് കാലെ ഖാനിന് അടുത്തുള്ള മില്ലേനിയം പാര്‍ക്കില്‍ നിന്ന് രാത്രി 10.15നാണ് ഇരുവരെയും കെണിയില്‍ പെടുത്തിയത്. രണ്ട് ഓട്ടോമാറ്റിക് തോക്കുകളും 10 വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ആഗസ്റ്റില്‍ സമാനമായ അറസ്റ്റ് ഡല്‍ഹി പോലീസ് നടത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനെത്തിയ ഐ.എസ് ഭീകരനെയാണ് അന്ന് പിടികൂടിയത്. 15 കിലോ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.