കാബൂള്‍ : താലിബാന്‍ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും വിമാനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമിച്ചവരാണ് ദാരൂണമായി മരിച്ചത്. തെഹ്റാന് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന് വിടാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്. അഫ്ഗാന് വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കര്‍സായി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.