തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ ആലത്തൂര്‍ എം.പിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വധഭീഷണി. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേയ്ക്ക് പോകും വഴിയാണ് സംഭവം.
വെഞ്ഞാറമൂട് ടൗണില്‍ ധര്‍ണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റില്‍ അടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തര്‍ ഒരു കോണ്‍ഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി.
വാഹനത്തിന്‍റെ വൈപ്പറില്‍ കരിങ്കൊടി കെട്ടുകയും രമ്യയെ അസഭ്യം പറയുകയും ചെയ്തു. ആക്രമിച്ചവര്‍ തന്നെയും കോണ്‍ഗ്രസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി കാട്ടിയ ഏരിയാ സെക്രട്ടറി അറസ്റ്റില്‍.