പാരിസ് : പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ അമൻ ഷെഹ്റാവത്ത് പത്ത് മണിക്കൂറിൽ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോഗ്രാമായി കൂടിയിരുന്നു. പീന്നിട് വെങ്കല മെഡൽ പോരാട്ടത്തിന് വേണ്ടിയാണ് അമൻ ഷെഹ്റാവത്ത് ഭാരം കുറച്ചത്. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാൻ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കല മത്സരത്തിലേക്കെത്തിയത്. സെമി ഫൈനലിൽ തോൽവി നേരിട്ടതിന് ശേഷം രാത്രി മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്താണ് അമൻ ഭാരം കുറച്ചത്. വെങ്കല പോരാട്ടത്തിന് മുൻപ് ഇന്ത്യൻ പരിശീലകരായ ജാഗ്മാന്ദീർ സിങ്, വീരേന്ദർ ദഹിയ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ വ്യായാമവും ചെയ്തു. കൂടാതെ പുലർച്ചെ പന്ത്രണ്ടരയോടെ ജിമ്മിലും കഠിനമായ വ്യായാമം ചെയ്തു .അഞ്ച് മിനിറ്റ് സോന ബാത്തിനും അമൻ വിധേയനായിരുന്നു. വ്യായാമത്തിന് ശേഷവും ഭാരം 900 ഗ്രാം കൂടുതൽ ഉണ്ടായതോടെ അമനെ മസാജിന് വിധേയമാക്കുകയും 15 മിനിറ്റ് ഓടിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് ഭാരം 56.9 കിലോ ഗ്രാമായി കുറഞ്ഞത്. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന കാരണത്താല്‍ ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കുകയായിരുന്നു.