കടുത്തുരുത്തി : 6 മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ നിന്നു കാണാതായെന്ന യുവതിയുടെ പരാതിയിൽ മണിക്കൂറുകൾക്കകം പോലീസ് കുഞ്ഞിനെ വീണ്ടെടുത്ത് നൽകി. തിങ്കളാഴ്ച രാത്രി കടുത്തുരുത്തി പോലീസ് സ്റ്റേഷനു കീഴിലാണ് സംഭവം.
ഞീഴൂർ സ്വദേശി യുവതിയാണ് 6 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കാണാതായെന്ന പരാതിയുമായി അമ്മയ്‌ക്കൊപ്പം സ്റ്റേഷനിൽ എത്തിയത്. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന മുണ്ടക്കയം സ്വദേശി യുവാവ് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് തിങ്കള്‍ വൈകിട്ട് വീട്ടിലെത്തി ബഹളം വെച്ചിരുന്നു. തുടർന്ന് യുവതി കുട്ടിയെ കാണിച്ചു. പിന്നീട് ഇയാളെയും കുട്ടിയെയും കാണാതായെന്നായിരുന്നു പരാതി.
യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞ് ഇയാൾക്കൊപ്പം ഉണ്ടെന്ന് ഉറപ്പാക്കി. ഈ സമയം യുവാവ് കുഞ്ഞുമായി മുണ്ടക്കയത്തെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. പോലീസിന്റെ ഇടപെടലിൽ യുവാവ് കുഞ്ഞിനെയുമായി രാത്രി വൈകി കടുത്തുരുത്തി സ്റ്റേഷനിൽ എത്തി. കുഞ്ഞിനെ യുവതിക്ക് കൈമാറി. യുവതിയും യുവാവും ഒരുമിച്ചു താമസിച്ചു വന്നവരാണെന്നും കുടുംബ പ്രശ്നത്തെത്തുടർന്നാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും എസ്ഐ ബിബിൻ ചന്ദ്രൻ പറഞ്ഞു.